Thursday, September 17, 2009

"ശരഫുറ്റ ബദര്‍ ജയ ദീനിന്‍ കൊടി കെട്ടി പിടിത്തടക്കീടാനെത്തും ഖുറൈഷി പട" ആരാണ് ഈ ഗാനം രചിച്ചത്?

"ശരഫുറ്റ ബദര്‍ ജയ ദീനിന്‍ കൊടി കെട്ടി പിടിത്തടക്കീടാനെത്തും  ഖുറൈഷി പട" എന്ന് തുടങ്ങുന്ന മാപ്പിള ഗാനം കേരളത്തിലെ ഗാന പ്രേമികള്‍ക്ക് സുപരിചിതമാണ്.  പക്ഷെ അതിന്റെ രചയിതാവ്‌ ആരാണെന്ന് പലര്‍ക്കും അറിയില്ല. ചിലര്‍ അത് മൊയീന്‍ കുട്ടി വൈദ്യര്‍ എഴുതിയതാണെന്ന് കരുതുന്നു.  മറ്റ് ചിലര്‍ ഈ ഗാനത്തെ "പരമ്പരാഗത" ഗാനമായി അവതരിപ്പിക്കുന്നു.

സത്യത്തില്‍ ആരാണ് ഈ ഗാനം രചിച്ചത്?
കൊച്ചിയില്‍ ജനിച്ച് ഇപ്പോള്‍ ചന്തിരൂരില്‍ സ്ഥിര താമസമാക്കിയ ഹസ്സന്‍ കൊച്ചങ്ങാടിയുടെ സര്‍ഗ്ഗ വൈഭവമാണ് ഈ പാട്ടിനു പിറകില്‍.  കൊച്ചിയിലെ സരിഗ ഓഡിയോസ് പുറത്തിറക്കിയ ഈ ഗാനത്തിന് ഈണം നല്‍കിയത്‌ കൊച്ചിന്‍ ബഷീര്‍ ആണ്. (ആല്‍ബം : പൂത്താലി)

തന്റെ ഗാനം കേരള മാപ്പിള പാട്ടിന്റെ ചരിത്രത്തിലെ അനശ്വര ഗാനങ്ങളിലോന്നാകുമ്പോള്‍, രചയിതാവ്‌ ഇന്നും അപ്രശസ്തനായി തുടരുന്നു.

ഒപ്പനകളില്‍ അനിവാര്യമായ ഒരിശലായി തുടരുന്ന "ചേലഞ്ചും ചഞ്ചല മിഴിയാള്‍ കൊഞ്ചും മൈലാഞ്ചി" എന്ന് തുടങ്ങുന്ന ഗാനവും ഇദ്ദേഹത്തിന്റെ സംഭാവനയാണ്.

ഈയുള്ളവന്‍ ഈ ബ്ലോഗ്‌ പോസ്റ്റാന്‍ മറ്റൊരു കാരണവും കുടിയുണ്ട്.
ഹസ്സന്‍ കൊച്ചങ്ങാടി എന്റെ ബാപ്പയാണ്.

മാപ്പിള പാട്ടിന്റെ തനതു ശൈലി കാത്ത്‌ സുക്ഷിക്കുന്ന അദ്ദേഹത്തിന്റെ വെളിച്ചം കാണാത്ത കൃതികള്‍ കൂടി ഉള്‍പ്പെടുത്തി ആല്‍ബം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഞാനും എന്റെ സഹോദരങ്ങളും.

സഹകരിക്കാന്‍ താല്പര്യമുള്ളവര്‍ asker[at]bharathnet.com എന്ന ഇമെയില്‍ വിലാസത്തിലോ,  9387280643 എന്ന ടെലിഫോണ്‍ നമ്പറിലോ ബന്ധപ്പെടുക.