Wednesday, February 13, 2008

അധ്യാപകരുടെ കുരുത്തക്കേടുകള്‍

കുറച്ച്‌ വര്‍ഷം മുമ്പ്‌ നടന്ന സംഭവമാണ്‌. നമ്മുടെ സ്ക്കൂളുകളിലെ അധ്യാപകരുടെ ചില "കുരുത്തക്കേടുകളിലേക്ക്‌" ഒരെത്തി നോട്ടം.

എന്റെ ട്യൂഷന്‍ ക്ലാസിലെ ഒരു എട്ടാം ക്ലാസ്‌ വിദ്യാര്‍ഥിനി വലിയൊരു പ്രതിസന്ധിയിലകപ്പെട്ടു. സ്ക്കൂളിലെ അധ്യാപിക ആ കുട്ടിയോട്‌ നമ്മുടെ നാട്ടില്‍ നിലവിലുള്ള 100 നാടന്‍ കീടനാശിനികളുടെ വിവരങ്ങള്‍ ശേഖരിച്ച്‌ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. പാവം അവള്‍ക്ക്‌ ആകെ 2 കീടനാശിനികളുടെ വിവരമേ ലഭിച്ചുള്ളു. ആകെ ടെന്‍ഷനടിച്ചാണ്‌ അന്ന് വൈകുന്നേരം അവള്‍ എന്റെ സഹായം തേടി വന്നത്‌.

എത്ര ആലോചിച്ചിട്ടും ഓര്‍ത്ത്‌ നോക്കിയിട്ടും എനിക്ക്‌ 5 എണ്ണമെ പറഞ്ഞു കൊടുക്കാനായുള്ളു. ഇത്‌ കണ്ടെത്തുവാനുള്ള സ്രോതസിനെ കുറിച്ച്‌ അവളുടെ ടീച്ചര്‍ ഒന്നും പറഞ്ഞു കൊടുത്തിരുന്നില്ല. തല്‍ക്കാലം 2 + 5 കൊണ്ട്‌ ടീച്ചറിനെ കാണാന്‍ ഞാന്‍ ആ കുട്ടിയെ പ്രേരിപ്പിച്ചു.

നോക്കണേ..... പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തെ നമ്മുടെ അധ്യാപകര്‍ നശിപ്പിക്കുന്നത്‌. പുതിയ വിദ്യാഭ്യാസ രീതിയെന്നാല്‍ എല്ലാം കുട്ട്യോള്‌ കണ്ടെത്തണം എന്ന് ഇവര്‍ തീരുമാനിച്ചു കഴിഞ്ഞു. (അന്വേഷണ വാസന വളര്‍ത്തുമ്പോഴും അവര്‍ക്കാവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ട ബാധ്യതയും അധ്യാപകര്‍ക്കുണ്ട്‌.)

കഥ തീര്‍ന്നില്ല. കൈയില്‍ അടിയുടെ പാടുമായി അവള്‍ പിറ്റേന്നും എന്റടുത്തെത്തി. 100 എണ്ണം കണ്ടെത്താതെ ക്ലാസിലേക്ക്‌ വന്നു പോകരുത്‌. ടീച്ചറുടെ ഉഗ്രശാസനം അതായിരുന്നു. ഇതോടെ എനിക്ക്‌ ആ ടീച്ചറുടെ "കീടനാശിനി ജ്ഞാനം" ശരിക്കും ബോധ്യമായി.

വായ്ക്ക്‌ തോന്നിയത്‌ കോതക്ക്‌ പാട്ട്‌ എന്ന മട്ടില്‍ മനസില്‍ തോന്നിയതെല്ലാം എഡിറ്റ്‌ ചെയ്യാതെ അവളുടെ നോട്ട്ബുക്കിലേക്ക്‌ പകര്‍ത്തികൊടിത്തു. അങ്ങിനെ കഷ്ടിച്ച്‌ ഒരു 40 "നാടന്‍" കീടനാശിനി വിജ്ഞാന സമാഹാരവുമായി അവള്‍ ക്ലാസിലേക്ക്‌ പോയി.

പിറ്റേന്ന് അടിപൊളി ആഹ്ലാദത്തിന്റെ പ്രസന്നതയോടെ അവള്‍ ട്യൂഷന്‍ ക്ലാസിലെത്തി. അവള്‍ക്കെഴുതി കൊടുത്ത 40 എണ്ണവും ടീച്ചറിന്‌ വളരെ ഇഷ്ടപ്പെട്ടത്രെ.
ഫ്ലാഷ്‌ ബാക്ക്‌: എഴുതി കൊടുത്ത കീടനാശിനികളീലൊന്ന് താഴെ കൊടുക്കുന്നു.

"ചുണ്ണാമ്പ്‌ വെള്ളത്തില്‍ അല്‍പം കടുക്‌ കുതിര്‍ത്തി വെക്കുക. ലേശം കായപ്പോടി ചേര്‍ത്ത്‌ തെങ്ങിന്റെ മണ്ടരോഗം മാറ്റാവുന്നതാണ്‌"

ഇതുപോലത്തെ 40 കുമ്പാസുകള്‍ക്ക്‌ ഫുള്‍ മാര്‍ക്ക്‌ നല്‍കിയ ആ മഹനീയ അധ്യാപകരത്നത്തെ ഏേന്തിനോടാണ്‌ ഞാന്‍ ഉപമിക്കേണ്ടത്‌?

N.B: എല്ലാ അധ്യാപകരും ഇങ്ങിനെയാണെന്ന് ഇതിനര്‍ത്ഥമില്ല.






schooltoons