Tuesday, March 08, 2011

വാല്മീകി നിനക്ക് പേരിട്ടതാര്‌?

വാല്മീകീ...
നിനക്ക് പേരിട്ടതാര്‌?
അച്ചനോ അമ്മയോ?
അർത്ഥം തിരിയാത്ത വയറ്റാട്ടിയൊ?


വാല്മീകി നിനക്ക് പേരിട്ടതാര്‌?

താരുണ്യ തളിരിന്റെ മാംസം ഭുജിക്കുവാൻ
ക്ഷണികകാമത്തിന്റെ ദാഹം കെടുത്തുവാൻ
തല്ലിക്കൊഴിച്ചില്ലെ വിടരുന്ന മൊട്ടിനെ

വാല്മീകീ നിനക്ക് പേരിട്ടതാര്‌?

സപ്തവർഷത്തിന്റെ ജയിൽ വാസം കൊണ്ടു നീ
മായിക്കുമോ മൗന നൊമ്പര കണ്ണുനീർ?
തൂവെള്ള സ്നേഹത്തിൻ വറ്റാത്ത കണ്ണുകൾ
ദയാവധം വേണ്ടെന്നുറക്കെ പറയുമ്പോൾ?
കാരുണ്യം പടികടന്നിട്ടില്ല പോയില്ല!

എങ്കിലും...
വാല്മീകി നിനക്ക് പേരിട്ടതാര്‌?
നിഷാദനോ? നിശീഥിനിയോ?

[ക്രൂരമായ ബലാത്സംഗത്തെ തുടര്‍ന്ന് 37 വര്‍ഷമായി പ്രതികരണശേഷി പൂര്‍ണമായും നഷ്ടപ്പെട്ട് ജീവച്ഛവമായ അരുണയുടെ കണ്ണുനീരിൽ....... ]

Thursday, September 17, 2009

"ശരഫുറ്റ ബദര്‍ ജയ ദീനിന്‍ കൊടി കെട്ടി പിടിത്തടക്കീടാനെത്തും ഖുറൈഷി പട" ആരാണ് ഈ ഗാനം രചിച്ചത്?

"ശരഫുറ്റ ബദര്‍ ജയ ദീനിന്‍ കൊടി കെട്ടി പിടിത്തടക്കീടാനെത്തും  ഖുറൈഷി പട" എന്ന് തുടങ്ങുന്ന മാപ്പിള ഗാനം കേരളത്തിലെ ഗാന പ്രേമികള്‍ക്ക് സുപരിചിതമാണ്.  പക്ഷെ അതിന്റെ രചയിതാവ്‌ ആരാണെന്ന് പലര്‍ക്കും അറിയില്ല. ചിലര്‍ അത് മൊയീന്‍ കുട്ടി വൈദ്യര്‍ എഴുതിയതാണെന്ന് കരുതുന്നു.  മറ്റ് ചിലര്‍ ഈ ഗാനത്തെ "പരമ്പരാഗത" ഗാനമായി അവതരിപ്പിക്കുന്നു.

സത്യത്തില്‍ ആരാണ് ഈ ഗാനം രചിച്ചത്?
കൊച്ചിയില്‍ ജനിച്ച് ഇപ്പോള്‍ ചന്തിരൂരില്‍ സ്ഥിര താമസമാക്കിയ ഹസ്സന്‍ കൊച്ചങ്ങാടിയുടെ സര്‍ഗ്ഗ വൈഭവമാണ് ഈ പാട്ടിനു പിറകില്‍.  കൊച്ചിയിലെ സരിഗ ഓഡിയോസ് പുറത്തിറക്കിയ ഈ ഗാനത്തിന് ഈണം നല്‍കിയത്‌ കൊച്ചിന്‍ ബഷീര്‍ ആണ്. (ആല്‍ബം : പൂത്താലി)

തന്റെ ഗാനം കേരള മാപ്പിള പാട്ടിന്റെ ചരിത്രത്തിലെ അനശ്വര ഗാനങ്ങളിലോന്നാകുമ്പോള്‍, രചയിതാവ്‌ ഇന്നും അപ്രശസ്തനായി തുടരുന്നു.

ഒപ്പനകളില്‍ അനിവാര്യമായ ഒരിശലായി തുടരുന്ന "ചേലഞ്ചും ചഞ്ചല മിഴിയാള്‍ കൊഞ്ചും മൈലാഞ്ചി" എന്ന് തുടങ്ങുന്ന ഗാനവും ഇദ്ദേഹത്തിന്റെ സംഭാവനയാണ്.

ഈയുള്ളവന്‍ ഈ ബ്ലോഗ്‌ പോസ്റ്റാന്‍ മറ്റൊരു കാരണവും കുടിയുണ്ട്.
ഹസ്സന്‍ കൊച്ചങ്ങാടി എന്റെ ബാപ്പയാണ്.

മാപ്പിള പാട്ടിന്റെ തനതു ശൈലി കാത്ത്‌ സുക്ഷിക്കുന്ന അദ്ദേഹത്തിന്റെ വെളിച്ചം കാണാത്ത കൃതികള്‍ കൂടി ഉള്‍പ്പെടുത്തി ആല്‍ബം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഞാനും എന്റെ സഹോദരങ്ങളും.

സഹകരിക്കാന്‍ താല്പര്യമുള്ളവര്‍ asker[at]bharathnet.com എന്ന ഇമെയില്‍ വിലാസത്തിലോ,  9387280643 എന്ന ടെലിഫോണ്‍ നമ്പറിലോ ബന്ധപ്പെടുക.

Wednesday, February 13, 2008

അധ്യാപകരുടെ കുരുത്തക്കേടുകള്‍

കുറച്ച്‌ വര്‍ഷം മുമ്പ്‌ നടന്ന സംഭവമാണ്‌. നമ്മുടെ സ്ക്കൂളുകളിലെ അധ്യാപകരുടെ ചില "കുരുത്തക്കേടുകളിലേക്ക്‌" ഒരെത്തി നോട്ടം.

എന്റെ ട്യൂഷന്‍ ക്ലാസിലെ ഒരു എട്ടാം ക്ലാസ്‌ വിദ്യാര്‍ഥിനി വലിയൊരു പ്രതിസന്ധിയിലകപ്പെട്ടു. സ്ക്കൂളിലെ അധ്യാപിക ആ കുട്ടിയോട്‌ നമ്മുടെ നാട്ടില്‍ നിലവിലുള്ള 100 നാടന്‍ കീടനാശിനികളുടെ വിവരങ്ങള്‍ ശേഖരിച്ച്‌ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. പാവം അവള്‍ക്ക്‌ ആകെ 2 കീടനാശിനികളുടെ വിവരമേ ലഭിച്ചുള്ളു. ആകെ ടെന്‍ഷനടിച്ചാണ്‌ അന്ന് വൈകുന്നേരം അവള്‍ എന്റെ സഹായം തേടി വന്നത്‌.

എത്ര ആലോചിച്ചിട്ടും ഓര്‍ത്ത്‌ നോക്കിയിട്ടും എനിക്ക്‌ 5 എണ്ണമെ പറഞ്ഞു കൊടുക്കാനായുള്ളു. ഇത്‌ കണ്ടെത്തുവാനുള്ള സ്രോതസിനെ കുറിച്ച്‌ അവളുടെ ടീച്ചര്‍ ഒന്നും പറഞ്ഞു കൊടുത്തിരുന്നില്ല. തല്‍ക്കാലം 2 + 5 കൊണ്ട്‌ ടീച്ചറിനെ കാണാന്‍ ഞാന്‍ ആ കുട്ടിയെ പ്രേരിപ്പിച്ചു.

നോക്കണേ..... പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തെ നമ്മുടെ അധ്യാപകര്‍ നശിപ്പിക്കുന്നത്‌. പുതിയ വിദ്യാഭ്യാസ രീതിയെന്നാല്‍ എല്ലാം കുട്ട്യോള്‌ കണ്ടെത്തണം എന്ന് ഇവര്‍ തീരുമാനിച്ചു കഴിഞ്ഞു. (അന്വേഷണ വാസന വളര്‍ത്തുമ്പോഴും അവര്‍ക്കാവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ട ബാധ്യതയും അധ്യാപകര്‍ക്കുണ്ട്‌.)

കഥ തീര്‍ന്നില്ല. കൈയില്‍ അടിയുടെ പാടുമായി അവള്‍ പിറ്റേന്നും എന്റടുത്തെത്തി. 100 എണ്ണം കണ്ടെത്താതെ ക്ലാസിലേക്ക്‌ വന്നു പോകരുത്‌. ടീച്ചറുടെ ഉഗ്രശാസനം അതായിരുന്നു. ഇതോടെ എനിക്ക്‌ ആ ടീച്ചറുടെ "കീടനാശിനി ജ്ഞാനം" ശരിക്കും ബോധ്യമായി.

വായ്ക്ക്‌ തോന്നിയത്‌ കോതക്ക്‌ പാട്ട്‌ എന്ന മട്ടില്‍ മനസില്‍ തോന്നിയതെല്ലാം എഡിറ്റ്‌ ചെയ്യാതെ അവളുടെ നോട്ട്ബുക്കിലേക്ക്‌ പകര്‍ത്തികൊടിത്തു. അങ്ങിനെ കഷ്ടിച്ച്‌ ഒരു 40 "നാടന്‍" കീടനാശിനി വിജ്ഞാന സമാഹാരവുമായി അവള്‍ ക്ലാസിലേക്ക്‌ പോയി.

പിറ്റേന്ന് അടിപൊളി ആഹ്ലാദത്തിന്റെ പ്രസന്നതയോടെ അവള്‍ ട്യൂഷന്‍ ക്ലാസിലെത്തി. അവള്‍ക്കെഴുതി കൊടുത്ത 40 എണ്ണവും ടീച്ചറിന്‌ വളരെ ഇഷ്ടപ്പെട്ടത്രെ.
ഫ്ലാഷ്‌ ബാക്ക്‌: എഴുതി കൊടുത്ത കീടനാശിനികളീലൊന്ന് താഴെ കൊടുക്കുന്നു.

"ചുണ്ണാമ്പ്‌ വെള്ളത്തില്‍ അല്‍പം കടുക്‌ കുതിര്‍ത്തി വെക്കുക. ലേശം കായപ്പോടി ചേര്‍ത്ത്‌ തെങ്ങിന്റെ മണ്ടരോഗം മാറ്റാവുന്നതാണ്‌"

ഇതുപോലത്തെ 40 കുമ്പാസുകള്‍ക്ക്‌ ഫുള്‍ മാര്‍ക്ക്‌ നല്‍കിയ ആ മഹനീയ അധ്യാപകരത്നത്തെ ഏേന്തിനോടാണ്‌ ഞാന്‍ ഉപമിക്കേണ്ടത്‌?

N.B: എല്ലാ അധ്യാപകരും ഇങ്ങിനെയാണെന്ന് ഇതിനര്‍ത്ഥമില്ല.






schooltoons

Saturday, September 30, 2006

മനശാസ്ത്രത്തില്‍ ഒരു സെര്‍ച്ച്‌ എഞ്ചിന്‍!

ഇന്റര്‍നെറ്റ്‌ ലോകത്തിലെ വിവര ശേഖരണത്തില്‍ നമ്മെ സഹയിക്കുന്ന ഒട്ടേറെ സെര്‍ച്ച്‌ എഞ്ചിനുകള്‍ നിലവിലുണ്ട്‌. പക്ഷെ പലപ്പോഴും ലഭ്യമാകുന്ന സെര്‍ച്ച്‌ ഫലം കച്ചവടമനസ്സുള്ള വെബ്സൈറ്റുകളായിരിക്കും. പ്രശസ്ത സെര്‍ച്ച്‌ എഞ്ചിനായ ഗൂഗിളും ഇതിന്‌ അപവാദമല്ല.

മനശാസ്ത്ര മേഖലയില്‍ മാത്രം ശ്രദ്ധയൂന്നുന്ന PsychoSearch ഇതില്‍ നിന്നും ഭിന്നമായ സെര്‍ച്ച്‌ എഞ്ചിനാണ്‌. യാന്ത്രികമായി കൂട്ടിച്ചേര്‍ക്കപ്പെടുന്ന സൈറ്റുകളല്ല ഇതില്‍ ലിസ്റ്റ്‌ ചെയ്തിട്ടുള്ളത്‌. ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സൈറ്റുകളെല്ലാം കഴിവുറ്റ ഇതിന്റ അണിയറ പ്രവര്‍ത്തകര്‍ ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുത്തതാണ്‌. സന്ദര്‍ശിക്കുക www.PsychoMaster.com

Saturday, August 26, 2006

ഫോണ്‍ വിളി: ഒരു നിരൂപണം

ഫോണ്‍ ആശയവിനിമയത്തിന്‌ ഒരു അനുഗ്രഹോപാധിയാണ്‌. കിലോമീറ്ററുകള്‍ക്കപ്പുറമുള്ള ഒരാളുമായി ഉള്ളു തുറക്ക്ക്കുക എന്നത്‌ ഒരു അനുഗ്രഹം തന്നെയാണ്‌

ഫോണ്‍ വിളിക്കൊരു പോരായ്മയുണ്ട്‌. റിസീവറിന്റ അങ്ങേത്തലക്കലിരിക്കുന്ന ആളുടെ മാനസികനിലയും മുഖഭാവവും വിളിക്കുന്നയാളിന്‌ ദൃശ്യമല്ല. വികാരത്തള്ളിച്ചയില്‍ വാചകശരങ്ങളെയ്യുമ്പോള്‍ നമ്മില്‍ പലരും കേള്‍ക്കുന്നയാളുടെ വികാരം ശരിക്കുമറിയില്ല. നേരിട്ട്‌ ദേഷ്യം പിടിക്കുന്നതും ഫോണിലൂടെ ദേഷ്യം പിടിക്കുന്നതും രണ്ടും രണ്ടാണ്‌.

അത്‌ കൊണ്ട്‌ ഫോണ്‍ വിളിക്കുമ്പോള്‍, എത്ര വികാരത്തള്ളിച്ചയുണ്ടെങ്കിലും അപ്പുറത്തെയാളുടെ മനസ്സിനെ അല്‍പമെങ്കിലും പരിഗണിക്കുക.

Tuesday, August 22, 2006

മനുഷ്യനെ മയക്കിയ കറുപ്പ്‌?

പോരാളി, വിപ്ലവകാരി എന്നൊക്കെ കേള്‍ക്കുമ്പോള്‍ അത്‌ ഇടതുപക്ഷത്തിന്റെ പര്യായമായി ഞാന്‍ മനസ്സിലാക്കുന്നില്ല. നീതിയുടെ ഭൂലോകം കെട്ടിപ്പടുക്കാന്‍ പ്രപഞ്ചസൃഷ്ടാവ്‌ മനുഷ്യനെ തന്നെയാണ്‌ നിയോഗിച്ചത്‌. അതാവട്ടെ ആവശ്യമായ guideline നല്‍കാതെയുമല്ല.

പോരാട്ടമെന്നത്‌ ദൈവികനീതിയുടെ ഭാഗമായി നാം മനുഷ്യര്‍ നിര്‍വ്വഹിക്കേണ്ടുന്ന ഒന്നാണ്‌. മനുഷ്യരെ സാമ്പത്തികാടിസ്ഥാനത്തില്‍ വിഭജിച്ച്‌ വര്‍ഗ്ഗബോധമുണ്ടാക്കല്‍ യഥാര്‍ത്ഥത്തില്‍ ഭീരുത്വമാണ്‌, പോരാട്ടമല്ല.

കമ്മ്യൂണിസം യഥാര്‍ത്ഥത്തില്‍ മനുഷ്യനെ മയക്കിയ കറുപ്പായിരുന്നു. അത്‌ അവനെ വെറും വര്‍ഗ്ഗീയവാദിയാക്കി. തൊഴിലാളി വര്‍ഗ്ഗവും മുതലാളി വര്‍ഗ്ഗവും ഒരിക്കലും ഒന്നിക്കുകയില്ല എന്ന സന്ദേശം അത്‌ നിലനിര്‍ത്തി. മതമാകട്ടെ മുതലാളിയെ അല്ല എതിര്‍ത്തത്‌. മറിച്ച്‌ മുതലാളിത്തത്തെയാണ്‌. നിരാലംബരായ അടിസ്ഥാന വര്‍ഗ്ഗത്തോടുള്ള ചൂഷണമനോഭാവത്തെയാണ്‌ മതം കൈകാര്യം ചെയ്തത്‌. സാമ്പത്തിക അസമത്വം മാത്രമായിരുന്നില്ല മതത്തിന്റെ വിഷയം. ജീവിതത്തിന്റെ മുഴുമേഖലകളിലുമുള്ള അനീതിക്കും അക്രമത്തിനുമെതിരായ സമരം കൂടിയായിരുന്നു മതം. അത്‌ പള്ളിമേടകളിലെ പ്രാര്‍ത്ഥനാഗീതങ്ങളില്‍ സ്വയമലിയുന്ന ഒളിച്ചോട്ട പ്രസ്ഥാനമായിരുന്നില്ല. സത്യത്തിനും നീതിക്കും വേണ്ടി പോരാടുവാനുള്ള ഊര്‍ജ്ജസ്രോതസ്സും മതം തന്നെ. കാരണം മതം മനുഷ്യനിര്‍മ്മിതമല്ല. മാനവരാശിക്ക്‌ അത്‌ സമ്മാനിച്ച അതേ സൃഷ്ടാവ്‌ ഈ പോരാളികള്‍ക്കായി പ്രതിഫലത്തിന്റെ ഭൂമികയും വാഗ്ദാനം ചെയ്തിരിക്കുന്നു.

Saturday, August 19, 2006

വെളിച്ചം ദു:ഖമാണുണ്ണീ......(ടിനിക്കഥ)

"വെളിച്ചം ദു:ഖമാണുണ്ണി
തമസ്സല്ലോ സുഖപ്രദം"

ഞാനിതിനെ ശരിവെക്കുന്നു.
കാരണം .....
ഞാനൊരു കള്ളനാണ്‌.

N.B. ടിനിക്കഥ: മിനിക്കഥയേക്കാളും ചെറിയ കഥയാണ്‌ ടിനിക്കഥ (tiny story) എപ്പടി????

Friday, August 18, 2006

"മരക്കാര്‍" എന്ന അപരനാമം

ഈ ബ്ലോഗ്‌ ലോകത്തില്‍ വേറൊരു മരക്കാര്‍ ഉണ്ടായിരുന്നു എന്ന് എനിക്കറിയില്ലായിരുന്നു. ഇന്റര്‍നെറ്റില്‍ പലയിടത്തായി ഞാന്‍ "മരക്കാര്‍" എന്ന അപരനാമം ഉപയൊഗിച്ച്‌ കഴിഞ്ഞതാണ്‌. പക്ഷെ ഇവിടെ, ഈ ബൂലോഗത്തില്‍ ഈ പേരില്‍ മറ്റൊരാളെ ഞാന്‍ കണ്ടു.

ആയതിനാല്‍ വായനക്കാരുടെ കണ്‍ഫ്യൂഷന്‍ ഒഴിവാക്കാന്‍ ഞാന്‍ പേര്‌ മാറ്റുകയാണ്‌. ഇനിമുതല്‍ നിങ്ങള്‍ക്ക്‌ എന്നെ പോരാളി എന്ന് വിളിക്കാം.

Thursday, August 17, 2006

ഗോഡ്സെ തല കുനിക്കുന്നു.(കഥ)

അവസാനം സാത്താന്‍ പ്രത്യക്ഷപ്പെട്ടു. ഗോഡ്സെ ഒറ്റക്കാലില്‍ നിന്നുകൊണ്ട്‌ തന്നെ ചാരിതാര്‍ത്ഥ്യത്തോടെ കണ്ണുകള്‍ തുറന്നു.
"ഭക്താ... പറയൂ ... എന്താണ്‌ നിന്റെ ആവശ്യം" സാത്താന്റെ സ്വരത്തില്‍ ആശ്രിതവത്സനോടുള്ള സ്നേഹം തുളുമ്പിയിരുന്നു.

"ഒരിക്കല്‍ കൂടി എനിക്ക്‌.... ഭാരതത്തിലേക്ക്‌ പോകണം.." ഗോഡ്സെ ആവശ്യപ്പെട്ടു.
"ഭാരതത്തിലേക്കോ? ഇനിയുമോ?എന്തിന്‌? അവിടെ ഇപ്പോള്‍ ഗാന്ധിയൊന്നുമില്ലല്ലോ"

"ങ്‌ ഹ്‌.... എന്റെ ഇവിടത്തെ കൂട്ടുകാര്‍ എന്നെ കളിയാക്കുന്നു... ഞാന്‍ പണ്ടത്തെ പുലിയും ഇന്നത്തെ എലിയുമാണെന്ന്‌. എനിക്ക്‌ തെളിയിക്കേണ്ടിയിരിക്കുന്നു... ഞാന്‍ ഇന്നും പുലിയാണെന്ന്."

"അത്‌ വേണോ?"

"മര്യാദക്ക്‌ അനുവദിക്കുന്നതാണ്‌ നല്ലത്‌" ഗോഡ്സെ തുറന്നടിച്ചു.

ഗോഡ്സെയുടെ ആത്മാര്‍ത്ഥമായ ധിക്കാരം സാത്താനെ ചൊടിപ്പിച്ചില്ല. സാത്താന്‍ പറഞ്ഞു "ശരി ഗോഡ്സെ അങ്ങിനെയാവട്ടെ..."

"ഒന്നു കൂടി.." ഗോഡ്സെയുടെ സ്വരത്തില്‍ ശക്തമായ ആത്മവിശ്വാസം സാത്താന്‍ കണ്ടു.
"ഒരു എ.കെ.47 തോക്ക്‌ കൂടി വേണമായിരുന്നു."

സാത്തന്‍ ഒന്നു പുഞ്ചിരിച്ചു. വലതുകൈ കൊണ്ട്‌ ഇടതുകയ്യില്‍ നന്നായി തിരുമ്മി. അടര്‍ന്നു വീണ കറുത്ത വസ്തു നിലത്ത്‌ വീണ്‌ ഒരു എ.കെ.47 ആയി മാറുന്നത്‌ ഗോഡ്സെ കണ്ടു.

**** **** **** **** **** **** **** **** ****


കുനിഞ്ഞ ശിരസ്സുമായി ഗോഡ്സെ സാത്താന്റെ മുന്നിലെത്തി. സാത്താന്‍ ഒരു പരിഹാസത്തിന്റെ മുക്രയിട്ടൂ.."ങ്‌ ഹും എന്തു പറ്റി ഗോഡ്സെ?"

"I am sorry... ഞാന്‍ ഒന്നുമല്ല പ്രഭോ ഒന്നുമല്ല... ഞാന്‍ ഒരിക്കലും അഹങ്കരിക്കരുതായിരുന്നു. എന്നേക്കാള്‍ വൃത്തികെട്ടവര്‍ ഇന്നും ഭാരതത്തിലുണ്ട്‌. ... ഞാന്‍ അവരുടെ മുമ്പില്‍ ഒന്നുമല്ല... ഒന്നും...." ഗോഡ്സെ വിതുമ്പിക്കൊണ്ടിരുന്നു.

സാത്താന്‍: "ആട്ടെ... ആ തോക്കെവിടെ?"

"അത്‌ അവരെടുത്തു.." അഹങ്കാരം വറ്റിയ മനസ്സുമായി ഗോഡ്സെ വേച്ചുവേച്ച്‌ നടന്നകന്നു..

Wednesday, August 16, 2006

ബ്ലോഗര്‍മാരോട്‌ ഒരഭ്യര്‍ത്ഥന

പ്രിയ ബൂലോഗവാസികളെ. നമ്മുടെ സേവനം ആവശ്യപ്പെടുന്ന ഒരു വലിയ സംരംഭം ഇന്നും ഇന്റര്‍നെറ്റില്‍ അപൂര്‍ണ്ണമായി നിലനില്‍ക്കുന്നു. ഒരു തുടക്കക്കരനെന്ന നിലയില്‍ ഇന്റര്‍നെറ്റിലെ മലയാളം കണ്ടന്റുകള്‍ ഞാനൊന്ന് പരതി. അപ്പോഴാണീ സൈറ്റ്‌ ശ്രദ്ധയില്‍ പെട്ടത്‌. http://ml.wikipedia.org എന്നതാണ്‌ വെബ്‌ വിലാസം. നമുക്കൊന്ന് ഒത്തുപിടിച്ചാല്‍ ഇതിനെ ഒരു പരുവത്തിലാക്കാന്‍ കഴിയും.

ഈ സംരഭത്തിന്‌ വേണ്ട സഹായം നല്‍കാന്‍ ഏറ്റവു അര്‍ഹര്‍ ബൂലോഗര്‍ തന്നെയാണ്‌. കാരണം യുണികോഡ്‌ മലയാളം ഉപയൊഗിച്ച്‌ ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്താല്‍ റിസള്‍ട്ട്‌ മുഴുവനും ബൂലോഗനിവാസികളുടേതാണ്‌.

Tuesday, August 15, 2006

സ്വാതന്ത്ര്യ ദിനത്തിലെ അവധി

സ്വാതന്ത്ര്യ ദിനത്തിലെ അവധി എന്നത്‌ ആത്മാര്‍ത്ഥതയുള്ള പാരലല്‍ കോളേജ്‌ അധ്യാപകന്‌ ഭൂഷണമല്ല. ചന്ദിരൂരിലെ വീട്ടില്‍ നിന്നും കൊചിയിലെ ക്ലാസ്‌ മുറിയിലേക്ക്‌ ഒരു ചെറുമയക്കത്തിന്റെ അകലമുണ്ട്‌. തണുത്ത കാറ്റും ട്രാന്‍സ്പോര്‍ട്ട്‌ ബസിനകത്തെ മഴവെള്ളമേളവും ആസ്വദിച്ച്‌ യാത്ര ചെയ്യുമ്പോള്‍ മനസ്സില്‍ തീരാത്ത സിലബസ്സിന്റെ കറുത്ത രൂപം ഇളിച്ചു നില്‍ക്കുന്നു.

വഴിയരികെ കാണുന്ന ഓരോ സ്റ്റോപ്പിലും പല സംഘടനകളുടെയും സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ പൊടിപൊടിക്കുന്നത്‌ കണ്ടു. കൊടി കയറ്റാനും മിട്ടായി വിതരണം ചെയ്യാനും മന്ത്രിപുംഗവന്മാര്‍ക്ക്‌ പ്രസ്ഥാവനകളിറക്കാനും വീണ്ടും ഒരു ദിനം . അത്ര തന്നെ. ഒരു നിരാശജീവിയുടെ ജല്‍പ്പനമായി ദയവു ചെയ്ത്‌ ഈ അഭിപ്രായത്തെ തള്ളിക്കളയരുത്‌. സ്വാതന്ത്ര്യം നമുക്ക്‌ നേടി തന്നത്‌ ഏത്‌ കള്ളനെ ഭരണത്തില്‍ പിടിച്ചിരുത്തണമെന്ന് തീരുമാനിക്കാനുള്ള അവകാശമാണ്‌. കൂട്ടത്തില്‍ കാണുന്ന "തൊമ്മനെ" നമ്മളങ്ങു തെരഞ്ഞെടുക്കുന്നു.

ക്ലാസിലെത്തിയപ്പോള്‍ 15 മിനിറ്റ്‌ വൈകി. ദ്വിമാനസമവാക്യങ്ങളുടെ ലോകത്തേക്ക്‌ കുട്ടികളെയും കൊണ്ട്‌ 2 മണിക്കൂര്‍ യാത്ര. അതവര്‍ ആസ്വദിച്ചുവൊ ആവോ? ഈ ദിനവും ക്ലാസ്‌ വെച്ച "മുരിക്ക്‌" സാറിനെ അവര്‍ സഹിച്ചിരുന്നതാവാം. ഇവിടെ ചൂരലുകള്‍ക്ക്‌ ക്ഷാമമില്ലാത്തതിനാല്‍ സഹനമാണ്‌ കരണീയം എന്നവര്‍ക്ക്‌ തോന്നിയിട്ടുണ്ടാവാം. ചില കുട്ടികള്‍ നേരത്തെ പോകാന്‍ എഴുന്നേറ്റു. സ്കൂളില്‍ സ്പെഷല്‍ ക്ലാസ്‌ ഉണ്ടത്രെ. നോക്കണെ ഗതികേട്‌. നമ്മുടേത്‌ പിന്നെ ട്യൂഷന്‍ ക്ലാസ്സാണെന്നു വിചാരിക്കാം. പക്ഷെ സ്കൂളുകാരുടെ കാര്യമോ? കഷ്ടം തന്നെ.

ഒരു ചെറിയ പരദൂഷണം കൂടി പറഞ്ഞുകൊണ്ട്‌ ഈ പോസ്റ്റിംഗ്‌ നിര്‍ത്തട്ടെ. സ്കൂള്‍ അധ്യാപകരുടെ ദൌര്‍ബല്ല്യങ്ങള്‍ ശരിക്കും ഈ ഞങ്ങള്‍ക്ക്‌, അതായത്‌ ട്യൂഷന്‍ സെന്റര്‍ അധ്യാപകര്‍ക്ക്‌ നന്നായി അറിയാം. ഉത്തരം അറിയാത്ത ചോദ്യങ്ങള്‍ കുട്ടികള്‍ക്ക്‌ പ്രൊജക്റ്റായും അസൈന്മെന്റായും നല്‍കി ഉത്തരം കണ്ടെത്തുന്ന വിരുതന്മാരും ഇക്കൂട്ടരിലുണ്ട്‌. അതിനെ കുറിച്ച്‌ വിശദമായി പിന്നീട്‌ എഴുതാം. അതിനുമുമ്പ്‌ ചുമ്മാ ബ്ലോഗ്‌ എഴുതി പഠിക്കട്ടെ. നമസ്ക്കാരം.

മലയാളത്തില്‍ ബ്ലോഗിങ്ങ്‌

ആദ്യമായാണ്‌ മലയാളത്തില്‍ ബ്ലോഗിങ്ങ്‌ തുടങ്ങുന്നത്‌. മനസ്സില്‍ പലപ്പോഴും തോന്നിയിട്ടുള്ളതാണ്‌ മലയാളത്തില്‍ ബ്ലോഗിങ്ങ്‌ സൌകര്യം ഉണ്ടായിരുന്നെങ്കിലെന്ന്‌. തല്‍ക്കാലം എന്നെ "മരക്കാര്‍" എന്ന് വിളിക്കാം‍. ഒരു പ്രൈവറ്റ്‌ സ്ഥാപനത്തില്‍ അധ്യാപകനായി ജോലി ചെയ്യുന്നു. ഒഴിവു വേളകളില്‍ വെബ്സൈറ്റ്‌ ഡിസൈനിങ്ങും ഹോസ്റ്റിങ്ങും നടത്തുന്നു. കൂടുതല്‍ വിവരങ്ങല്‍ വഴിയെ.......