Tuesday, August 15, 2006

സ്വാതന്ത്ര്യ ദിനത്തിലെ അവധി

സ്വാതന്ത്ര്യ ദിനത്തിലെ അവധി എന്നത്‌ ആത്മാര്‍ത്ഥതയുള്ള പാരലല്‍ കോളേജ്‌ അധ്യാപകന്‌ ഭൂഷണമല്ല. ചന്ദിരൂരിലെ വീട്ടില്‍ നിന്നും കൊചിയിലെ ക്ലാസ്‌ മുറിയിലേക്ക്‌ ഒരു ചെറുമയക്കത്തിന്റെ അകലമുണ്ട്‌. തണുത്ത കാറ്റും ട്രാന്‍സ്പോര്‍ട്ട്‌ ബസിനകത്തെ മഴവെള്ളമേളവും ആസ്വദിച്ച്‌ യാത്ര ചെയ്യുമ്പോള്‍ മനസ്സില്‍ തീരാത്ത സിലബസ്സിന്റെ കറുത്ത രൂപം ഇളിച്ചു നില്‍ക്കുന്നു.

വഴിയരികെ കാണുന്ന ഓരോ സ്റ്റോപ്പിലും പല സംഘടനകളുടെയും സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ പൊടിപൊടിക്കുന്നത്‌ കണ്ടു. കൊടി കയറ്റാനും മിട്ടായി വിതരണം ചെയ്യാനും മന്ത്രിപുംഗവന്മാര്‍ക്ക്‌ പ്രസ്ഥാവനകളിറക്കാനും വീണ്ടും ഒരു ദിനം . അത്ര തന്നെ. ഒരു നിരാശജീവിയുടെ ജല്‍പ്പനമായി ദയവു ചെയ്ത്‌ ഈ അഭിപ്രായത്തെ തള്ളിക്കളയരുത്‌. സ്വാതന്ത്ര്യം നമുക്ക്‌ നേടി തന്നത്‌ ഏത്‌ കള്ളനെ ഭരണത്തില്‍ പിടിച്ചിരുത്തണമെന്ന് തീരുമാനിക്കാനുള്ള അവകാശമാണ്‌. കൂട്ടത്തില്‍ കാണുന്ന "തൊമ്മനെ" നമ്മളങ്ങു തെരഞ്ഞെടുക്കുന്നു.

ക്ലാസിലെത്തിയപ്പോള്‍ 15 മിനിറ്റ്‌ വൈകി. ദ്വിമാനസമവാക്യങ്ങളുടെ ലോകത്തേക്ക്‌ കുട്ടികളെയും കൊണ്ട്‌ 2 മണിക്കൂര്‍ യാത്ര. അതവര്‍ ആസ്വദിച്ചുവൊ ആവോ? ഈ ദിനവും ക്ലാസ്‌ വെച്ച "മുരിക്ക്‌" സാറിനെ അവര്‍ സഹിച്ചിരുന്നതാവാം. ഇവിടെ ചൂരലുകള്‍ക്ക്‌ ക്ഷാമമില്ലാത്തതിനാല്‍ സഹനമാണ്‌ കരണീയം എന്നവര്‍ക്ക്‌ തോന്നിയിട്ടുണ്ടാവാം. ചില കുട്ടികള്‍ നേരത്തെ പോകാന്‍ എഴുന്നേറ്റു. സ്കൂളില്‍ സ്പെഷല്‍ ക്ലാസ്‌ ഉണ്ടത്രെ. നോക്കണെ ഗതികേട്‌. നമ്മുടേത്‌ പിന്നെ ട്യൂഷന്‍ ക്ലാസ്സാണെന്നു വിചാരിക്കാം. പക്ഷെ സ്കൂളുകാരുടെ കാര്യമോ? കഷ്ടം തന്നെ.

ഒരു ചെറിയ പരദൂഷണം കൂടി പറഞ്ഞുകൊണ്ട്‌ ഈ പോസ്റ്റിംഗ്‌ നിര്‍ത്തട്ടെ. സ്കൂള്‍ അധ്യാപകരുടെ ദൌര്‍ബല്ല്യങ്ങള്‍ ശരിക്കും ഈ ഞങ്ങള്‍ക്ക്‌, അതായത്‌ ട്യൂഷന്‍ സെന്റര്‍ അധ്യാപകര്‍ക്ക്‌ നന്നായി അറിയാം. ഉത്തരം അറിയാത്ത ചോദ്യങ്ങള്‍ കുട്ടികള്‍ക്ക്‌ പ്രൊജക്റ്റായും അസൈന്മെന്റായും നല്‍കി ഉത്തരം കണ്ടെത്തുന്ന വിരുതന്മാരും ഇക്കൂട്ടരിലുണ്ട്‌. അതിനെ കുറിച്ച്‌ വിശദമായി പിന്നീട്‌ എഴുതാം. അതിനുമുമ്പ്‌ ചുമ്മാ ബ്ലോഗ്‌ എഴുതി പഠിക്കട്ടെ. നമസ്ക്കാരം.

2 comments:

Anonymous said...

ഇസ്കൂള്‍ സാറന്മാരേ സൂക്ഷിച്ചോ. സാറന്മാരെ പിടിക്കുന്ന സാറെത്തി സാറേ. നിങ്ങടെ കാര്യങ്ങളൊക്കെ തെഹല്‍ക്കാ ചേലില്‌ മാലോകരു മുഴുവനും അറിയാന്‍ പോണേ!!! കാണട്ടെ പൊടി പൂരം.... പോരട്ടേ...

പോരാളി said...

പ്രിയ സുഹൃത്തെ,
സ്കൂള്‍ അധ്യാപകരെല്ലാം മോശക്കാരാണെന്ന ധാരണ എനിക്കില്ല കെട്ടോ. പക്ഷെ അക്കൂട്ടത്തില്‍ ഒരുപാട്‌ വിരുതന്മാര്‍ ഉണ്ടെന്നത്‌ സത്യമാണ്‌. അത്തരക്കാരുടെ വികൃതികള്‍ പുസ്തകമാക്കുകയാണെങ്കില്‍ ഒരു എന്‍സൈക്ലോപീഡിയ തന്നെയാകുമത്‌.
എന്റെ ബ്ലൊഗെഴുത്തിന്റെ ലക്ഷ്യം അതല്ലാത്തതിനാല്‍ ഒരു തെഹല്‍ക്ക ബോംബ്‌ പ്രതീക്ഷിക്കരുതേ....